Sunday 29 May 2011

നാട്ടുകാര്‍ എന്തു വിചാരിക്കും?

നാട്ടുകാര്‍ എന്തു വിചാരിക്കും??... അതെ.. മലയാളികളെ എന്നും പല പ്രവൃത്തികളില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുള്ള ചോദ്യം ആണിത്. ചിലപ്പോള്‍ നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ മനസ്സിനുള്ളിലെ ഒരു കോണില്‍ നിന്നും നമ്മള്‍ തന്നെ നമ്മളോടു ചോദിക്കും.."ഞാന്‍ ഇതു ചെയ്‌താല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?".. അതോടെ... ഠിം...!! പിന്നെ ആ പരിപാടി അവിടെ ഉപേക്ഷിക്കും.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ വളരെ ശരി എന്ന് മനസ്സിനു തോന്നിയ കാര്യമായിരിക്കും ചെയ്യുന്നത്. പക്ഷെ അതു ചെയ്തുകൊണ്ടിരിക്കുംബോഴായിരിക്കും വേറെ ആരുടെയെങ്കിലും വരവ്. അയാള്‍ ചോദിക്കും.. "അല്ല മോനെ.. നാട്ടുകാര്‍ എന്തു വിചാരിക്കും?".. ഈ ചോദ്യം കേള്‍ക്കുന്നതോടെ നമ്മള്‍ ആ പരിപാടിയും അവിടെ ഉപേക്ഷിക്കും.

ഉദാഹരണത്തിന്: 
ഞാന്‍ ഈ ഡ്രസ്സ് ധരിച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇങ്ങിനെ മുടി ചീകിവച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ അവളോട്‌/അവനോട് സംസാരിച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇന്ന് പാര്‍ട്ടിക്കു പോയാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇന്ന് പാര്‍ട്ടിക്കു പോയില്ലെങ്കില്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
അങ്ങിനെ പല പല ചോദ്യങ്ങള്‍.

സത്യത്തില്‍ മലയാളികള്‍ക്ക്‌ സമൂഹത്തെ പേടിയാണോ? എന്തിനാണ് പേടിക്കുന്നത്? ചിലപ്പോള്‍ ഒരു നല്ല കാര്യം ചെയ്യുംബോഴായിരിക്കും ഈ ചോദ്യം നമ്മുടെ ചെവിയില്‍ പതിക്കുക.. ചിലപ്പോള്‍ ചീത്ത കാര്യം ചെയ്യുമ്പോഴും.

ആദ്യമായി നമുക്ക്‌ നമ്മളില്‍ തന്നെ ഒരു വിശ്വാസം ഉണ്ടാകണം. നമ്മള്‍ ചെയ്യുന്നത് നല്ലതാണു എന്ന് നമുക്ക് തന്നെ ബോധ്യം ഉണ്ടാകണം. നാട്ടുകാര്‍ എന്തോ വിചാരിചോട്ടെ. നമ്മള്‍ നമുക്ക്‌ നല്ലത് എന്ന് തോന്നുന്ന പാതയിലൂടെ നടക്കുക.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നത് നല്ലത് തന്നെ. പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ പ്രമാണം. പല അന്തര്മുഖന്മാരെയും ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാക്കാം "നാട്ടുകാര്‍ എന്തു വിചാരിക്കും" എന്നുള്ള ചോദ്യം അവരെ വളരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന്‍. ചിലപ്പോള്‍ അവര്‍ അന്തര്‍മുഖ സ്വഭാവമുള്ളവര്‍ ആയിത്തീരാന്‍ ഈ ചോദ്യം വളരെയധികം കാരണമായിരിക്കാം. അതുകൊണ്ട് നമ്മള്‍ കഴിവതും ഈ ചോദ്യത്തിന് ഇരകള്‍ ആയിത്തീരാതിരിക്കുക. എന്നു വച്ച് സ്വന്തം കാര്യം മാത്രം നോക്കണം എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. നമുക്ക്‌ ശരി എന്നു തോന്നുന്നത് ചെയ്യുക. പക്ഷെ നമ്മുടെ ശരി സമൂഹത്തിന്റേയും ശരി ആയിരിക്കണം എന്നു മാത്രം. ചിലര്‍ അവരുടെ ശരി മാത്രം നോക്കി ജീവിക്കുന്നതു കൊണ്ടാണ് ഇന്ന് തീവ്രവാദം ഉണ്ടാകുന്നത്. അതുകൊണ്ട്, സമൂഹത്തിന്‍റെ കേട്ടുറപ്പുകളെ മുറിപ്പെടുത്തുന്നതരത്തിലുള്ള ശരികളൊന്നും ആരും ചിന്തിക്കരുത്‌.

എന്നാല്‍ പിന്നെ.. നാട്ടുകാര്‍  എന്തെങ്കിലും വിചാരിചോട്ടെ.. അല്ലേ?? 
അവന്മാരോട് പോയി പണി നോക്കാന്‍ പറ.. 
ഹല്ല പിന്നെ..

2 comments: