Sunday 29 May 2011

നാട്ടുകാര്‍ എന്തു വിചാരിക്കും?

നാട്ടുകാര്‍ എന്തു വിചാരിക്കും??... അതെ.. മലയാളികളെ എന്നും പല പ്രവൃത്തികളില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുള്ള ചോദ്യം ആണിത്. ചിലപ്പോള്‍ നമ്മള്‍ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ മനസ്സിനുള്ളിലെ ഒരു കോണില്‍ നിന്നും നമ്മള്‍ തന്നെ നമ്മളോടു ചോദിക്കും.."ഞാന്‍ ഇതു ചെയ്‌താല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?".. അതോടെ... ഠിം...!! പിന്നെ ആ പരിപാടി അവിടെ ഉപേക്ഷിക്കും.

എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നമ്മള്‍ വളരെ ശരി എന്ന് മനസ്സിനു തോന്നിയ കാര്യമായിരിക്കും ചെയ്യുന്നത്. പക്ഷെ അതു ചെയ്തുകൊണ്ടിരിക്കുംബോഴായിരിക്കും വേറെ ആരുടെയെങ്കിലും വരവ്. അയാള്‍ ചോദിക്കും.. "അല്ല മോനെ.. നാട്ടുകാര്‍ എന്തു വിചാരിക്കും?".. ഈ ചോദ്യം കേള്‍ക്കുന്നതോടെ നമ്മള്‍ ആ പരിപാടിയും അവിടെ ഉപേക്ഷിക്കും.

ഉദാഹരണത്തിന്: 
ഞാന്‍ ഈ ഡ്രസ്സ് ധരിച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇങ്ങിനെ മുടി ചീകിവച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ അവളോട്‌/അവനോട് സംസാരിച്ചാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇന്ന് പാര്‍ട്ടിക്കു പോയാല്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
ഞാന്‍ ഇന്ന് പാര്‍ട്ടിക്കു പോയില്ലെങ്കില്‍ നാട്ടുകാര്‍ എന്തു വിചാരിക്കും?
അങ്ങിനെ പല പല ചോദ്യങ്ങള്‍.

സത്യത്തില്‍ മലയാളികള്‍ക്ക്‌ സമൂഹത്തെ പേടിയാണോ? എന്തിനാണ് പേടിക്കുന്നത്? ചിലപ്പോള്‍ ഒരു നല്ല കാര്യം ചെയ്യുംബോഴായിരിക്കും ഈ ചോദ്യം നമ്മുടെ ചെവിയില്‍ പതിക്കുക.. ചിലപ്പോള്‍ ചീത്ത കാര്യം ചെയ്യുമ്പോഴും.

ആദ്യമായി നമുക്ക്‌ നമ്മളില്‍ തന്നെ ഒരു വിശ്വാസം ഉണ്ടാകണം. നമ്മള്‍ ചെയ്യുന്നത് നല്ലതാണു എന്ന് നമുക്ക് തന്നെ ബോധ്യം ഉണ്ടാകണം. നാട്ടുകാര്‍ എന്തോ വിചാരിചോട്ടെ. നമ്മള്‍ നമുക്ക്‌ നല്ലത് എന്ന് തോന്നുന്ന പാതയിലൂടെ നടക്കുക.

മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നത് നല്ലത് തന്നെ. പക്ഷെ അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ പ്രമാണം. പല അന്തര്മുഖന്മാരെയും ശ്രദ്ധിച്ചാല്‍ നമുക്കു മനസ്സിലാക്കാം "നാട്ടുകാര്‍ എന്തു വിചാരിക്കും" എന്നുള്ള ചോദ്യം അവരെ വളരെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന്‍. ചിലപ്പോള്‍ അവര്‍ അന്തര്‍മുഖ സ്വഭാവമുള്ളവര്‍ ആയിത്തീരാന്‍ ഈ ചോദ്യം വളരെയധികം കാരണമായിരിക്കാം. അതുകൊണ്ട് നമ്മള്‍ കഴിവതും ഈ ചോദ്യത്തിന് ഇരകള്‍ ആയിത്തീരാതിരിക്കുക. എന്നു വച്ച് സ്വന്തം കാര്യം മാത്രം നോക്കണം എന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. നമുക്ക്‌ ശരി എന്നു തോന്നുന്നത് ചെയ്യുക. പക്ഷെ നമ്മുടെ ശരി സമൂഹത്തിന്റേയും ശരി ആയിരിക്കണം എന്നു മാത്രം. ചിലര്‍ അവരുടെ ശരി മാത്രം നോക്കി ജീവിക്കുന്നതു കൊണ്ടാണ് ഇന്ന് തീവ്രവാദം ഉണ്ടാകുന്നത്. അതുകൊണ്ട്, സമൂഹത്തിന്‍റെ കേട്ടുറപ്പുകളെ മുറിപ്പെടുത്തുന്നതരത്തിലുള്ള ശരികളൊന്നും ആരും ചിന്തിക്കരുത്‌.

എന്നാല്‍ പിന്നെ.. നാട്ടുകാര്‍  എന്തെങ്കിലും വിചാരിചോട്ടെ.. അല്ലേ?? 
അവന്മാരോട് പോയി പണി നോക്കാന്‍ പറ.. 
ഹല്ല പിന്നെ..

Friday 27 May 2011

സന്തോഷകരമായ കുടുംബ ജീവിതത്തിനു, ചില മാര്‍ഗരേഖകള്‍...



1. ഭാര്യയെ 'എടി', 'നീ' എന്നൊക്കെ വിളിക്കുന്നതിനു പകരം 'കുട്ടാ, കുട്ടാ' എന്ന് മാത്രമേ വിളിക്കാവൂ. സംതൃപ്ത ദാമ്പത്യത്തിനു ശ്രീമാന്‍ കാലച്ചന്ദ്ര മേനോന്‍ എഴുതിയ 'ഏപ്രില്‍ പതിനെട്ട്' എന്ന മനശാസ്ത്ര നോവലില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്.

2. രാവിലെ എഴുന്നേറ്റു പല്ലുപോലും തേയ്ക്കാതെ ഇഡലിയും ചമ്മന്തിയും അടിച്ചു കേറ്റുമ്പോള്‍ 'കുട്ടാ എന്നെ വിളിക്കാതിരുന്നതെന്താ, ചട്ടിനിയ്ക്ക് തേങ്ങ ഞാന്‍ തിരുമ്മി തരുമായിരുന്നല്ലോ' എന്ന് പറയുക. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ തേങ്ങ തിരുമ്മേണ്ട യാതൊരു ആവശ്യവുമില്ല. പൊട്ടിയായ ഭാര്യ ഈ കമെന്റു കൊണ്ട് തന്നെ ത്രിപ്തയായിക്കൊള്ളും.

3. പത്രം വായിക്കുമ്പോള്‍, മുഴുവനും പേജും ഇറുക്കിപ്പിടിചോണ്ടിരിക്കാതെ ആ മെട്രോ മനോരമയുടെ പേജെങ്കിലും ഭാര്യയ്ക്ക് കൊടുക്കുക. രണ്ടു മിനിട്ട് കൊണ്ട് വായന കഴിഞ്ഞു തിരിച്ചു കിട്ടും. ഇല്ലെങ്കില്‍, 'ഈ വീട്ടില്‍ എനിക്ക് പത്രം പോലും വായിക്കാന്‍ കിട്ടുന്നില്ല' എന്ന് തുടങ്ങുന്ന ഒരു രണ്ടു മണിക്കൂര്‍ വഴക്ക് പ്രതീക്ഷിക്കാം.

4. സത്യസന്ധതയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രാധാന്യമില്ല. ഭാര്യുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ വായിവെക്കാന്‍ പോലും കൊള്ളില്ലെങ്കിലും ആ കാര്യം മിണ്ടിപ്പോകരുത്‌. നിങ്ങള്ക്ക് തീരെ കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 'ഇത് ഞാന്‍ പൊതിഞ്ഞു ഓഫിസില്‍ കൊണ്ടുപോകാം, സുഹൃത്തുക്കള്‍ക്കും നല്കാമല്ലോ' എന്ന് പറയുക. ഓഫിസിലേക്കുള്ള വഴിയില്‍ ഇത് ഭാര്യയറിയാതെ കളയാം. അതല്ല, ഇനി നിങ്ങള്ക്ക് ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടെകില്‍ ഇതെന്റെ ഭാര്യയുണ്ടാക്കിയ കാശ്മീരി ചില്ലി കൊപ്പെന്‍ ചിക്കെന്‍ ആണെന്ന് പറഞ്ഞു അവര്‍ക്ക് കൊടുത്തേക്കുക. ഭാര്യയേയും പ്രീതിപ്പെടുതാം, പ്രതികാരവുമാകാം.

5. ഭാര്യ തടിച്ചു വീപ്പക്കുറ്റി പോലെയാനിരിക്കുന്നതെങ്കിലും, 'കുട്ടാ നീ വല്ലാതെ മെലിഞ്ഞു പോയി' എന്നിടയ്ക്കിടെ പറയുക. താന്‍ കെട്ടിയവനെക്കാളും തടിച്ചുവെന്ന തോന്നലുള്ള ഭാര്യമാര്‍ കൂടുതല്‍ കുടുംബ വഴക്കുകള്‍ ഉണ്ടാക്കുന്നവരാനെന്നു തെളിഞ്ഞിട്ടുണ്ട്.

6. നിങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കുന്ന കൊണ്സേന്‍ട്രെഷനില്‍ ഐ പി എല്‍ കാണുമ്പോള്‍ അവള്‍ ഓഫിസിലെ കണകുണ കാര്യങ്ങള്‍ പറയുകയാണെങ്കില്‍ 'നീ ഒന്ന് ചിലയ്ക്കാതിരിക്കാമോ' എന്നാവരുത് നിങ്ങളുടെ പ്രതികരണം. പറയുന്ന കാര്യങ്ങള്‍ക്ക് നിങ്ങള്‍ മറുപടി പറയണംന്ന് ഭാര്യയ്ക്ക് ഒരു നിര്‍ബന്ധവുമില്ലെന്നു മനസിലാക്കുക. ഇടയ്ക്കിടയ്ക്ക് മൂളിക്കൊടുതാല്‍ ധാരാളം മതിയാവും. ഇനി അതും നിങ്ങളുടെ ശ്രദ്ധ കളയുമെന്നുന്ടെങ്കില്‍ ഇടവിട്ടുള്ള മൂളലുകള്‍ ഒരു ടേപ്പില്‍ പകര്‍ത്തി ഭാര്യ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓണ്‍ ചെയ്തു വെച്ചേക്കുക. ടേപ്പിന്റെ കാര്യം ഭാര്യ അറിയാന്‍ പാടില്ലെന്ന് പ്രതേയ്കം പറയേണ്ടല്ലോ.

7. ഒരുമിച്ചിരുന്നു ടി വി കാണുമ്പോള്‍, വല്ലപ്പോഴും ആ ടി വി റിമോട്ട് പിടിക്കാന്‍ ഭാര്യയെ അനുവദിക്കുക. സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രതീകമായിട്ടാണ് മിക്ക ഭാര്യമാരും ടി വി റിമോട്ടിനെ കാണുന്നത്. അത് കൊണ്ട് ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. പിടിക്കാന്‍ മാത്രം അനുവദിച്ചാല്‍ മതി. ചാനെല്‍ മാറ്റുന്നത് നിങ്ങള്ക്ക് തന്നെയാവാം.

8. വല്ലപ്പോഴും ഭാര്യയോടൊപ്പം ഒരു സില്ലി റൊമാന്റിക് സിനിമാ കാണുക. ഇത് നിങ്ങള്ക്ക് വളരെ പ്രയാസമുള്ള കാര്യമാണെങ്കിലും കുടുംബ ഭദ്രതയ്ക്ക് ഇതാവശ്യമാണ്. വല്ലാതെ ബോറടിക്കുന്നുടെങ്കില്‍ ചെറുതായി മയങ്ങാവുന്നതാണ്. ഇടവേളയ്ക്കു പോപ്‌ കോണ്‍, പഫ്സ്, തുടങ്ങിയവ വാങ്ങുന്നതും ഭാര്യയുടെ മനസ്സില്‍ നിങ്ങളുടെ ഇമേജു വര്‍ദ്ധിപ്പിക്കും.

9. ഭാര്യയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുമ്പോള്‍, കുശുംബികള്‍ 'എന്റെ ഭര്‍ത്താവോ നിന്റെ ഭര്‍ത്താവോ മെച്ചം' എന്ന് അളക്കാന്‍ വരുന്നതാണെന്ന് മനസിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. 'കുട്ടനില്ലെങ്കില്‍ എന്റെ ജീവിത കൊഞ്ഞാട്ടയായിപ്പോയേനെ' എന്ന ലൈനില്‍ കത്തി വയ്ക്കുക. കൂട്ടത്തില്‍ സുന്ദരികള്‍ ഉണ്ടെങ്കില്‍ അവരെ അവഗണിച്ചു വിരൂപകളോട് മാത്രം സംസാരിക്കുക. ഓര്‍ക്കുക, നൈമിഷിക സുഖമല്ല ജീവിതകാലം മൊത്തമുള്ള സമാധാനമാണ് നിങ്ങളുടെ ലക്‌ഷ്യം.

10. ഇടയ്ക്കിടയ്ക്ക്, 'കുട്ടാ സഹായിക്കണോ, കുട്ടാ സഹായിക്കണോ' എന്ന് അങ്ങോട്ട്‌ ചോദിച്ചെക്കുക . നിങ്ങളുടെ സ്നേഹത്തില്‍ പുളകം കൊണ്ട് ഭാര്യ എല്ലാ പണികളും പൂര്‍വാധികം ഉത്സാഹത്തോടെ തന്നെ ചെയ്തോളും. ഓര്‍ക്കുക, സ്ത്രീകളുടെ സൈകോളജി പ്രകാരം പ്രവര്‍ത്തിയല്ല, വാചകമാണ് കുടുംബ ഭദ്രതയ്ക്ക് ആവശ്യം.

11. അന്തിമമായി, ഭാര്യയ്ക്ക് നിങ്ങളെ ഉപദേശിക്കാനും നല്ലവഴിക്കു നടത്താനുമുള്ള അവകാശമുണ്ടെങ്കിലും നിങ്ങള്ക്ക് തിരിച്ചു ആ അവകാശമില്ല എന്ന് മനസിലാക്കുക. വിവരക്കേടുകൊണ്ടു പോലും 'കുട്ടാ നീ ചെയ്തത് തെറ്റായിപ്പോയി' എന്ന് പറയാതിരിക്കുക. കാരണം, സ്ത്രീകളുടെ സൈകോളജി പ്രകാരം അവര്‍ ഒരിക്കലും തെറ്റ് ചെയ്യില്ല.

Thursday 26 May 2011

കഥയല്ലിതു ജീവിതം: മാനം കെടുത്തി കുടുംബത്തെ ചേര്‍ക്കുന്ന റിയാലിറ്റി ഷോ



അമൃതാ ടിവിയില്‍ കഥയല്ലിതു ജീവിതം എന്ന റിയാലിറ്റി ഷോയുടെ വാര്‍ഷികാചരണം നടക്കുന്നതു കണ്ടു. മെഗാസീരിയലുകളെ പോലും റേറ്റിങ്ങില്‍ കടത്തി വെട്ടുന്ന ജനപ്രിയ പരിപാടി എന്ന വിശേഷണത്തോടെയാണ് പരിപാടി തുടങ്ങുന്നതു തന്നെ. സ്ത്രീകളുടെ ശരീരപുഷ്ടി വര്‍ദ്ധിപ്പിക്കുന്ന ഒരു അല്‍ഭുതമരുന്നാണ് ഇതിന്റെ പ്രായോജകര്‍. പഴയകാല സിനിമാനടി വിധുബാലയാണ് അവതാരക സിനിമ കാണുന്ന ലാഘവത്തോടെ മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരും അടുത്തൂണ്‍ പറ്റിയ നിയമ പണ്ഡിതരും വേദിയില്‍ കാഴ്ചക്കാരായി സന്നിഹിതരാണ്.
ദാമ്പത്യ, കുടുംബ പ്രശ്‌നങ്ങള്‍ കൌണ്‍സലിങ്ങ് നടത്തി പരിഹരിക്കുന്ന മാതൃകാ പരിപാടിയാണിതെന്നു അവതാരക പറയുന്നു .ഇത്തരം പ്രശ്‌നങ്ങളില്‍ പെടുന്നവരെ, അല്ലെങ്കില്‍ കുടുംബ കോടതിയില്‍ കേസ് കൊടുത്തിട്ടുള്ളവരെ, ബന്ധപ്പെട്ടാണു ഈ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന വാദിയെയും പ്രതിയെയും ഒരുമിച്ചിരുത്തിയുള്ള പരസ്യ വിചാരണയില്‍ പഴ്ചാത്തല സംഗീതം ശോകമായും ത്രില്ലിങ്ങ് ആയും മാറിമാറി വരുന്നു. കക്ഷികളുടെ മുഖഭാവങ്ങള്‍ പല വിധത്തില്‍ ഒപ്പിയെടുത്ത്, അവരുടെ വികാരവിക്ഷോഭങ്ങള്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് യാദൃശ്ചികമായി ഈ പരിപാടിയുടെ രണ്ടു വ്യത്യസ്ത എപ്പിസോഡുകള്‍ മുഴുവനായി കാണാനിടയായി.

വിചാരണവേദി 1

നിസ്സഹായതയുടെയും അവശതയുടെയും ആവരണമണിഞ്ഞ് ഒരു പുരുഷന്‍ , സാമാന്യം സൌന്ദര്യമുള്ള മുപ്പതുകളിലെത്തിയ ഒരു സ്ത്രീ , ഭാര്യാഭര്‍ത്താക്കന്മാരാണ് .പിന്നെ മക്കളായി ദുഖം ഘനീഭവിച്ച മുഖഭാവത്തോടെ 10 ഉം 12 ഉം വയസ്സായ രണ്ട് ആണ്‍കുട്ടികളും 5 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുഞ്ഞും. അയല്‍ വീട്ടിലെ പയ്യനുമായി അവിഹിത ബന്ധം ആരോപിക്കപ്പെട്ടിരിക്കുകയാണ് സ്ത്രീയുടെ മേല്‍. അതില്‍ ഒരു ആണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട് എന്താണ് അമ്മയെ ഇഷ്ടമല്ലാത്തതെന്ന്. അല്പം വൈഷമ്യത്തോടെ ആ കുട്ടി അമ്മ ചീത്തയാണെന്നു പറയുന്നു .അതിനു ശേഷം രാത്രി സമയങ്ങളില്‍ അയല്‍ വീട്ടിലെ പയ്യനുമായി സംസാരിക്കുന്നത് കണ്ടുവെന്ന ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ശരിയാണൊ എന്നന്വേഷിക്കുകയാണ് അവതാരക


ഭാര്യ: ഒരിക്കല്‍ രാത്രിയില്‍ ആ പയ്യനുമായി സംസാരിക്കുന്നതു കണ്ടിട്ടുണ്ട് .
അവതാരക: രാത്രി എത്ര സമയമായിക്കാണും ?
ഭാര്യ: ഒരു രണ്ടു മൂന്നു മണിയോടടുപ്പിച്ച് .
അവതാരക: ആ സമയത്തു നിങ്ങളെന്താണ് സംസാരിച്ചതു ?
ഭാര്യ: പിറ്റേ ദിവസം തേങ്ങ ഇടുന്ന കാര്യമായിരുന്നു .

പാതിരാത്രി 2 മണിക്കു അയലത്തെ യുവാവുമായി തേങ്ങയിടുന്ന കാര്യമാണ് സംസാരിച്ചതു എന്നുള്ളത് വലിയൊരു ഫലിതത്തിന്റെ ഫലമാണു ഉണ്ടാക്കുക. അവതാരകയും നിയമജ്ഞരുമെല്ലാം അടക്കിപ്പിടിച്ച ചിരിയോടെ പരസ്പരം നോക്കുന്നു . പരിപാടിയില്‍ പങ്കെടുക്കുന്നവരെ അണിയറയില്‍ വെച്ചു തന്നെ എല്ലാ കാര്യങ്ങളും ചോദിച്ചു ഒരു ചെറിയ തയ്യാറെടുപ്പുകള്‍ നടത്തി തന്നെ മാത്രമെ ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുത്തു എന്നിരിക്കെ ഇത്തരത്തില്‍ മനപ്പൂര്‍വ്വമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നത് ജനപ്രിയ പരിപാടിയുടെ ഫോര്‍മുലയിലെ നര്‍മ്മവും കണ്ണീരുമെല്ലാം സമാസമം ചേര്‍ത്തെടുക്കാനാവണം. പക്ഷെ വിദ്യാഭ്യാസം കുറഞ്ഞ ഒരു നാട്ടുമ്പുറത്തുകാരിയുടെ നിഷ്‌കളങ്കതയെ ചൂഷണം ചെയ്തു നര്‍മ്മം നിറക്കുമ്പോള്‍ ആ നിമിഷത്തില്‍ കണ്ണീരോടെ തല താഴ്ത്തിയിരിക്കുന്ന രണ്ടു കൊച്ചു കുട്ടികളുടെ ഭാവി തകര്‍ന്നു പോയിട്ടുണ്ടാകും. ഒരു സ്ത്രീയുടെ പരപുരുഷ ബന്ധം പൊതു വേദിയില്‍ തെളിയിച്ചിട്ടാണ് ദമ്പതികളെ ഒരുമിപ്പിച്ചെന്നു ഗീര്‍വാണം മുഴക്കുന്നത്.

വിചാരണ വേദി 2
മകള്‍ പിഴച്ചുപോയെന്നു ആരോപിക്കുന്ന ഒരമ്മയും അച്ഛനും ആണ് ഇത്തവണ വേദിയില്‍ ഉള്ളത്. മകളുടെ പേരും ജോലി ചെയ്യുന്ന സ്ഥാപനവും വിലാസവും എല്ലാം പരസ്യമായി തന്നെ വെളിപ്പെടുത്തുന്നുണ്ട് . ബാങ്ക്‌ലൂരില്‍ ഒറാക്കിള്‍ സോഫ്റ്റ് വയര്‍ കമ്പനിയില്‍ എഞ്ചിനീയറായ ശ്യാമ എന്ന പെണ്‍കുട്ടിയാണ് കഥാപാത്രം. എതിര്‍ കക്ഷിക്കാരിയായ ശ്യാമ വന്നിട്ടില്ല. .ശ്യാമ വരാത്തതിനു പകരമായി ആ പെണ്‍ കുട്ടിയുടെ നിരവധി ഫോട്ടോഗ്രാഫുകള്‍ ഉണ്ട് .പ്രധാന ആരോപണങ്ങള്‍, അച്ഛനുമമ്മക്കും ചിലവിനു കൊടുക്കുന്നില്ല, ആധുനികഭ്രമമുള്ളത് കൊണ്ടു പഴഞ്ചന്മാരായ മാതാപിതാക്കളെ നോക്കുന്നില്ല, പെണ്‍കുട്ടി ദുര്‍ന്നടപ്പുകാരിയാണ് എന്നൊക്കെയാണ് .ഇടക്കിടെ ശ്യാമയുടെ ഫോട്ടോഗ്രാഫുകള്‍ സ്‌ക്രീനില്‍ കാണിക്കുന്നുണ്ട്. ജീന്‍സും ടോപ്പുമണിഞ്ഞ ഒരു ഫോട്ടോയെ ആധുനിക ഭ്രമത്തിന്റെ ലക്ഷണമായി വിലയിരുത്തി, അവതാരക മാതാപിതാക്കളുടെ വാദം സമ്മതിക്കുന്നുമുണ്ട്. പിന്നെ കുറച്ചു നേരം അമ്മയുടെ വകയാണ് കൂട്ടുകാരിയുമായി ചേര്‍ന്നു മാതാപിതാക്കളെ അനുസരിക്കുന്നില്ല, കാമുകനുമായി വഴിവിട്ട ബന്ധമുണ്ട് എന്നിങ്ങനെ പെണ്‍കുട്ടിയുടെ ദുര്‍ന്നടത്തയെക്കുറിച്ചുള്ള വിവരണങ്ങളാണ്. ചില സമയങ്ങളില്‍ വിവരണത്തിന്റെ ആഘാതം താങ്ങാനാകാതെ ‘ഇങ്ങനെയും പെണ്മക്കളോയെന്ന്’ അവതാരക ആശ്ചര്യപ്പെടുന്നുണ്ട്. പശ്ചാത്തലത്തില്‍ ദ്രുതതാളത്തിലുള്ള സംഗീതം .
അവസാനം മകളെ വഴി തെറ്റിച്ച കൂട്ടുകാരിയെ, ‘ലൈവാ’യി ഫോണില്‍ വിളിക്കുന്നു. ഇതിനായി ഫോണില്‍ സംസാരിക്കുന്ന ആളുകളുടെ സമ്മതം വാങ്ങുന്നില്ല. കൂട്ടുകാരി പറയുന്നു:
ആ കുട്ടിയെന്റെ കൂട്ടുകാരിയായിരുന്നു ഇപ്പോള്‍ അല്ല. ആ പെണ്‍കുട്ടിക്കു ഒരു പ്രണയമുണ്ടായിരുന്നു അതു അമ്മയുടെ സമ്മതമില്ലാത്തതിനാല്‍ നടന്നില്ല എന്നിട്ടും ആ അമ്മ തന്നെ മകള്‍ പലരുമായി കിടക്ക പങ്കിടുന്നവളാണെന്നു പറഞ്ഞു നടക്കുകയും അങ്ങനെ ആ കുട്ടിയെ പരമാവധി ആളുകളുടെ മുന്നില്‍ അപമാനിക്കുകയും ചെയ്തു. അതും പോരാഞ്ഞു ബാങ്ക്‌ലൂരിലെ ഓറാക്കിള്‍ കമ്പനിയില്‍ ഉള്ള ജോലി കളയിച്ചു മകളെ കുത്തുപാളയെടുപ്പിക്കാനാണ് ശ്യാമയുടെ അമ്മയുടെ ശ്രമം. എന്റെ പഴയ കൂട്ടുകാരിയാണെന്നതിന്റെ പേരില്‍ മാത്രം അവരുടെ കുടുംബ പ്രശ്‌നത്തില്‍ പോലീസിനെക്കൊണ്ടു പോലും വിളിപ്പിച്ചു ചോദ്യം ചെയ്തു. ഇനിയും ഇത്തരം കാര്യങ്ങളില്‍ ഇടപെടുത്തരുതെന്ന് അപേക്ഷിക്കുകയാണ് ‘
അടുത്തതായി ശ്യാമ. ഫോണ്‍ എടുത്തപ്പോള്‍ തന്നെ ഇംഗ്ലീഷിലാണ് ശ്യാമ സംസാരിച്ചു തുടങ്ങിയത് , മാന്യമായ രീതിയില്‍ തന്നെ. അമൃതാ ടി വി യില്‍ നിന്നാണ് ഒരു പ്രോഗ്രാമില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയപ്പോള്‍ പ്രാങ്ക് കോളാണോ എന്ന് അവര്‍ സംശയം ചോദിച്ചു. ആ സമയത്തു അവതാരകയായ വിധുബാലയുടെ ആത്മാഭിമാനം ഉണര്‍ന്നു. മലയാളികളെല്ലാം അറിയുന്ന പ്രസിദ്ധസിനിമാതാരമാണ് താനെന്നും കുട്ടി ജനിക്കുന്നതിന് മുമ്പേ തന്നെ നടിയാണെന്നും പറഞ്ഞപ്പോള്‍ പെണ്‍കുട്ടി താനങ്ങനെയല്ല ഉദ്ദേശിച്ചതെന്നും ചാനലില്‍ നിന്നാണ് എന്നു പറഞ്ഞു വരുന്ന പ്രാങ്ക് കോളുകളെക്കുറിച്ചാണ് സംശയം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി.
അടുത്തതായി പെണ്‍കുട്ടിയെക്കുറിച്ചുള്ള ആരൊപണങ്ങളുടെ നിജസ്ഥിതി അറിയാനാണ് വിളിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഇത്തരത്തില്‍ ഒരു ആരോപണമുണ്ടെങ്കില്‍ ജുഡീഷ്യറിയും നിയമ വ്യവസ്ഥയും കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, അതു ചാനലുകള്‍ ഏറ്റെടുക്കുന്നത് ശരിയല്ലെന്നും പറഞ്ഞ് ആ കുട്ടി സൂചിപ്പിച്ചു. ഇത്തരം സ്വകാര്യതകള്‍ ചോദിക്കേണ്ട കാര്യങ്ങള്‍ ഒരു കൂട്ടം ആളുകള്‍ക്കു മുന്നില്‍ പരസ്യമായി പറയേണ്ടവയല്ലെന്നും തന്നെ മുന്‍ കൂട്ടി അറിയിക്കാതെ ഈ ഫോണ്‍ സംഭാഷണം പരസ്യമാക്കിയത് ശരിയായില്ലെന്നും ആ പെണ്‍കുട്ടി മാന്യമായി തന്നെ പറഞ്ഞു. എന്നിട്ടും, ഔചിത്യബോധം തൊട്ടു തീണ്ടാത്ത അവതാരക പ്രശ്‌നത്തില്‍ പെണ്‍കുട്ടിയുടെ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയാണ്. തനിക്കു അരമണിക്കൂറിനകം ഓഫീസിലെത്തേണ്ടതുണ്ടെന്നും അതിനാല്‍ നാളെ സംസാരിക്കാമെന്നും പറഞ്ഞ് കുട്ടി ഫോണ്‍ കട്ട് ചെയ്തു.
ആ പെണ്‍കുട്ടി എന്തോ മഹാപരാധം ചെയ്ത മട്ടില്‍ അവതാരക പ്രേക്ഷകന് നേരേ നോക്കുന്നു.
വേദിയിലുണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഉടന്‍ തന്നെ പ്രസ്താവിച്ചു: ആ പെണ്‍കുട്ടി അബ്‌നോര്‍മലാണ്. അകമ്പടിയായി അവതാരകയുടെ കണ്ടെത്തല്‍: കണ്ടോ ഇത്ര സമയം സംസാരിച്ചിട്ടും ഒരക്ഷരം മലയാളത്തില്‍ പറഞ്ഞില്ല, ഇതില്‍ നിന്നു തന്നെ ആ പെണ്‍കുട്ടി അമ്മയെ മറന്നു പോയ ആധുനികഭ്രമമുള്ള ഒരു പെണ്‍കുട്ടിയാണെന്നു മനസ്സിലാവും അതിനാല്‍ കുട്ടിക്കു നല്ല കൌണ്‍സലിങ്ങ് ആവശ്യമാണ്. ഇപ്പറഞ്ഞതു തല കുലുക്കി സമ്മതിക്കുന്ന നിയമപണ്ഡിതന്‍. ഇവരുടെ നീതിന്യായം ഇതാണെങ്കില്‍ പദവിയിലിരിക്കുന്ന സമയത്തു എത്രയേറെ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരിക്കണം.
ഇവിടെ ആര്‍ക്കാണ് കൌണ്‍സലിങ്ങ് കൊടുക്കേണ്ടത് ? ആരാണ് അബ്‌നോര്‍മല്‍ ?
മാന്യമായി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയെ, ആ പെണ്‍കുട്ടിക്കു പറയാനുള്ളത് കേള്‍ക്കുന്നതിനു മുമ്പായി ഫോട്ടോയും വിവരങ്ങളും പരസ്യമാക്കി, ഒരു ദുര്‍ന്നടപ്പുകാരിയായി ഇവിടെ അവതരിപ്പിക്കുന്നു. പൊതു കക്കൂസുകളില്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ എഴുതി വെക്കുന്ന മാനസിക രോഗികള്‍ ഇവരെക്കാള്‍ ഭേദമാണ്. മുന്‍കൂട്ടിയുള്ള സമ്മതമില്ലാതെ ഒരു വ്യക്തിയുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്കു മുമ്പില്‍ പരസ്യമാക്കുക, അതും ആ വ്യക്തിയുടെ സ്വഭാവശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. ഇത്തരം കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടതല്ല എന്നു പറഞ്ഞതു കൊണ്ടു മാത്രം ആ പെണ്‍കുട്ടി അബ്‌നോര്‍മലാണെന്നാണ് ഇതില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തക വിലയിരുത്തിയത്. ഇത്തരക്കാര്‍ കല്പിക്കുന്ന മനുഷ്യാവകാശം ഏത് രീതിയിലുള്ളതാണ് എന്നു ഒരു പിടിയുമില്ല.

ബാങ്ക്‌ലൂരില്‍, സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഒരു പെണ്‍കുട്ടി ഇംഗ്ലീഷില്‍ സംസാരിച്ചപ്പോഴെക്കും അവതാരക അങ്ങു തീരുമാനിച്ചു അമ്മയെ മറക്കുന്ന ആധുനിക ഭ്രമക്കാരിയാണെന്ന് . മലയാളത്തില്‍ സംസാരിച്ചാലെ മാതൃസ്‌നേഹം അളക്കാനാവൂ എന്നുണ്ടായിരുന്നെങ്കില്‍ അവര്‍ക്കു ആ പെണ്‍കുട്ടിയോടു മലയാളത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെടാമായിരുന്നു അതിനു പകരം അവതാരക തന്റെ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കാനെന്നോളം ഇംഗ്ലീഷില്‍ തന്നെയാണു തുടര്‍ന്നു സംസാരിച്ചത് . പെണ്‍കുട്ടി തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഈ പരിപാടിയില്‍ അതിന് മറുപടി പറയണമെന്നോ ഹാജരാകണമെന്നോ ആണ് അവതാരകയുടെ ഉത്തരവ്. ഇഷ്ടപ്പെട്ട ഒരാളുമായി വിവാഹത്തിനു സമ്മതിക്കാതെ കറവപ്പശുവിനെ പോലെ, 27 വയസ്സുള്ള ഒരു മകളെ നിര്‍ത്തിയിരിക്കുന്നതെന്നുളള തിരിച്ചൊരു ചോദ്യം ആരും ചോദിക്കുന്നില്ല. അമ്മ പരസ്യമായി പറയുന്ന ദുരാരോപണങ്ങള്‍ക്കു മറുപടി പരസ്യമായി പറഞ്ഞില്ലെങ്കില്‍ ആ പെണ്‍കുട്ടി ദുര്‍ന്നടപ്പുകാരിയാണ്!
ഏകപക്ഷീയമായ ഇത്തരം ആരൊപണങ്ങള്‍ പരസ്യമായി ഉന്നയിച്ച്, ആരോപണ വിധേയരെ ചാനലിലേക്കു ക്ഷണിക്കുകയാണ് നടത്തിപ്പുകാര്‍. തെരുവില്‍ പേനാക്കത്തിയുമായി നടക്കുന്ന കവലചട്ടമ്പിയുടെ ‘ആണാണെങ്കില്‍ വന്നു മുട്ടടാ ‘ എന്ന വെല്ലുവിളി പോലെയുള്ള ഒന്ന്. നിങ്ങള്‍ക്കെതിരെയുള്ള ആരൊപണങ്ങള്‍ തെറ്റാണെന്നു നിങ്ങള്‍ ഇവിടെ വന്നു പരസ്യമായി തെളിയിക്കണം. അതിനു വേണ്ടി നിങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച വ്യക്തിയുമായി നിങ്ങള്‍ക്കുള്ള പ്രശ്‌നങ്ങള്‍ പരസ്യമായി വിഴുപ്പലക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ തെറ്റുകാരന്‍/ തെറ്റുകാരി ആയിരിക്കും.

ആരാണ് ഈ ചാനലുകാര്‍ക്ക് ആളുകളെ അവരുടെ സമ്മതമില്ലാതെ പരസ്യവിചാരണ ചെയ്യാന്‍ ഉള്ള അവകാശം കൊടുത്തത് ? കേരളാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നാരു സംഘടന എന്തു അധികാരത്തിലാണ് ഇതിനൂ കൂട്ടു നില്‍ക്കുന്നത് ?.ഹൈക്കോടതി ജസ്റ്റിസ് രക്ഷാധികാരിയായ ഒരു സംഘടന ഇതില്‍ പങ്കെടുക്കുന്നത് മൂലം ഇതിന് നിയമഅംഗീകാരം ഉണ്ട് എന്ന് സാമാന്യജനത്തെ വിശ്വസിപ്പിക്കുന്ന്ു. ഇവരുടെ ജുറിസ്ഡിക്ഷന്‍ എന്താണ് ?അന്വേഷി അജിതയുടെ നേതൃത്വത്തില്‍ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഈ പരിപാടിയുടെ സ്ത്രീ വിരുദ്ധതയും കുട്ടികളെ പൊതുവേദിയില്‍ അതിവൈകാരികതയോടെ പ്രത്യക്ഷപ്പെടുത്തുന്നതും ചൂണ്ടിക്കാട്ടി നാഷണല്‍ ലീഗല്‍ സെര്‍വീസ് അതോറിറ്റിക്കു പരാതി അയച്ചു കൊടുത്തിരുന്നെങ്കിലും ഇപ്പോഴും പരിപാടി വാര്‍ഷികം പിന്നിട്ട് നടന്നു കൊണ്ടിരിക്കുന്നു .സാമൂഹികമായും വിദ്യഭ്യാസപരമായും താഴെക്കിടയിലുള്ള ആളുകളുടെ ദാമ്പത്യ കലഹങ്ങളോ അല്ലെങ്കില്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഏക പക്ഷീയമായ ആരോപണങ്ങളോ റിയാലിറ്റി ഷോ ആക്കി അവതരിപ്പിച്ച് അതിന്റെ സെന്റിമെന്റ്‌സുകളെ കോമഡിയാക്കി മാറ്റി ചാനല്‍ റേറ്റിങ്ങ് സമ്പാദിക്കുന്ന ഈ നാണം കെട്ട കളിയാണോ ഇവരുടെയെല്ലാം സംസ്‌കാരം ?.
പ്രശ്‌നപരിഹാരത്തിനാണെന്ന വികലന്യായം ഉന്നയിച്ചു കൊണ്ടാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളുടെ അജ്ഞത മുതലാക്കുന്നത്. അനേക നാളുകള്‍ ആയി പ്രശ്‌നപരിഹാരം ഇല്ലാതിരുന്ന പല കാര്യങ്ങളും പരിഹരിക്കപ്പെട്ടുവത്രെ. ദാമ്പത്യ പ്രശ്‌നങ്ങളിലെ അവിഹിതവും മറ്റും പരസ്യമായി ആരോപിച്ചതിന് ശേഷം ഒത്ത് തീര്‍പ്പായി പോകുന്നു എന്ന് അവകാശ വാദമുന്നയിക്കുന്നതു കേള്‍ക്കാന്‍ രസമുള്ള കാര്യമാണ്. ഒത്തുതീര്‍പ്പായി വേദിയില്‍ നിന്ന് പോകുന്നുണ്ടാകാം. ഇതില്‍ പങ്കെടുക്കുന്നവരുടെ കുട്ടികളെ, ഈ പരസ്യവിചാരണയുടെ ഭാരം എത്ര മാത്രം ബാധിക്കുന്നുണ്ട്? ഇതിലും മാന്യതയുണ്ടല്ലോ മെഗാ സീരിയലുകള്‍ക്ക് .
ഈ ഷോയില്‍ കാണിക്കുന്ന ജീവിതങ്ങള്‍, ആരാന്റമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ചേല,് എന്ന കണക്കിന് നമുക്ക് അര മണിക്ക്കൂര്‍ നേരത്തെ വിനോദം മാത്രം . ചാനല്‍ പരിപാടികളില്‍ ധാര്‍മ്മികത ചോദിക്കുന്നത് അഭിസാരികയുടെ ചാരിത്ര്യശുദ്ധി അളക്കുന്നത് പോലെ തന്നെയായതു കൊണ്ടു ധാര്‍മ്മികതയെന്ന മുട്ടാപ്പോക്കു ന്യായങ്ങള്‍ നമുക്കു വിടാം .ഒരു സ്വകാര്യ ചാനലില്‍ കുടുംബ കോടതിയുടെ പരിഗണനക്കും വനിതാ സെല്ലിലേക്കും വരുന്ന പരാതികള്‍ പരസ്യ വിചാരണ ചെയ്യാനും അതില്‍ കക്ഷികളല്ലാത്ത ആളുകളെ വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം വിളിച്ചു ഭീഷണിപ്പെടുത്താനും മാനഹാനി വരുത്താനും മാത്രമെന്തു അധികാരമാണ് നിയമ വ്യവസ്ഥ ഇവര്‍ക്കു കൊടുത്തിട്ടുള്ളത്? ഒരു അഭിഭാഷകന്റെയോ കൌണ്‍സിലറുടെയോ മാധ്യസ്തത്തില്‍ അവരുടെ കുടുംബത്തില്‍ തീര്‍ക്കേണ്ടുന്ന കാര്യങ്ങളാണിത്. പരിപാടിയെക്കുറിച്ചുള്ള അവകാശ വാദങ്ങളില്‍ അവര്‍ക്കു വിവിധ സ്ഥലങ്ങള്‍ റിസര്‍ച്ച് ടീം ഉണ്ടെന്ന് കണ്ടു. ഒളിഞ്ഞു നോട്ടമല്ലാതെ മറ്റെന്തായിക്കാം ഈ റിസര്‍ച്ച് ? .അമേരിക്കക്കാരുടെ ജെറി സ്പ്രിങ്കര്‍ ഷോയും രാഖി സാവന്തിന്റെ സ്വയംവര്‍ ഷോ യും കണ്ടു കഷ്ടം വെക്കുന്ന ഞങ്ങളുടെ ഈ ഒളിഞ്ഞുനോട്ടങ്ങള്‍ സംസ്‌കാര സമ്പന്നവും സദാചാര വിശുദ്ധിയുമുള്ളതുമാകുന്നു

-കടപ്പാട് : ആല്‍കെമിസ്റ്റ്