Saturday 30 April 2011

സത്യസായി ബാബ എന്ന മുഖം മൂടി


"ആത്മീയത" - നമ്മുടെ നാട്ടില്‍ ഏറ്റവും അധികം വിറ്റഴിക്കുന്ന, ഏറ്റവും കൂടുതല്‍ ആരാധകരുള്ള മഹാ സംഭവം. 
കുറേ ആള്‍ ദൈവങ്ങളും നമുക്കുണ്ട്. ഷിര്‍ദ്ദി സായിബാബ, സത്യസായി ബാബ, അമൃതാനന്ദമയി, ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ (തോക്ക് സ്വാമി), സന്തോഷ്‌ മാധവന്‍, നിത്യാനന്ദ, അങ്ങിനെ പല ആള്‍ ദൈവങ്ങള്‍. നന്നായി ബിസിനസ് നടത്താന്‍ അറിയുന്നവര്‍ ഇവിടെ വിജയിക്കുന്നു. ഹിന്ദു മതത്തില്‍ ദൈവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്തതുകൊണ്ട് ആള്‍ ദൈവങ്ങളുടെയും പട്ടിക ഇനിയും കൂടാം, കൂടിയാലും അദ്ഭുതപ്പെടേണ്ടതില്ല. 
ഷിര്‍ദ്ദി സായിബാബയുടെ വരവോടെയാണ് ആള്‍ ദൈവങ്ങള്‍ ഭാരത മണ്ണില്‍ വേരൂന്നി തുടങ്ങിയത്. പിന്നീട് അദേഹത്തിന്‍റെ തന്നെ പുനര്‍ ജന്മം എന്ന് സ്വയം പ്രഖ്യാപിച്ച നാരായണ രാജു എന്ന സത്യസായി ബാബയിലൂടെ ആള്‍ ദൈവങ്ങള്‍ ശക്തി പ്രാപിക്കാന്‍ തുടങ്ങി. സത്യസായി ബാബയുടെ ആത്മീയ കച്ചവടം വന്‍ വിജയമായപ്പോള്‍ ഭാരതത്തിന്‍റെ അങ്ങും ഇങ്ങും ആയി പല പല ആള്‍ ദൈവങ്ങള്‍ തല പൊക്കാന്‍ തുടങ്ങി. നമ്മുടെ കൊച്ചു കേരളവും ഒട്ടും മോശമാക്കിയില്ല. നമുക്കും ഉണ്ടായി കുറേ ആള്‍ ദൈവങ്ങള്‍. സത്യസായിബാബയെയെന്നല്ല, ഏതുതരത്തിലുള്ള ആള്‍ദൈവങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്‌ എന്നു വികടഗുരു കരുതുന്നു. ഇതുപോലുള്ള ആള്‍ ദൈവങ്ങളെ ആരാധിക്കുമ്പോള്‍ മനുഷ്യര്‍ യഥാര്‍ത്ഥ ദൈവത്തെ മറക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ആളുകള്‍ എന്ന് തിരിച്ചരിയുന്നോ, അന്നേ അവര്‍ക്ക്‌ പല തരം ചൂഷണങ്ങളില്‍ നിന്നും മുക്തിയുള്ളൂ.
നമുക്ക്‌ സത്യസായി ബാബയിലേക്ക് തിരിച്ചു വരാം. സത്യസായിബാബ എന്ന ആത്മീയഗുരു ലോകമൊട്ടാകെ പ്രശസ്‌തനാണ്‌. മരണം അദ്ദേഹത്തിന്റെ പ്രശസ്‌തി കൂട്ടിയിട്ടേ ഉള്ളൂ എന്നുംപറയാം. അദ്ദേഹം മരണത്തിനു തൊട്ടുമുന്‍പ്‌ ഏതാനും ദിവസം ആശുപത്രിയില്‍ കിടന്നിരുന്നു. അദ്ദേഹത്തിന്റെ ആശുപത്രിവാസവും മരണവും ഒക്കെ നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങള്‍ ആഘോഷിക്കുകതന്നെ ചെയ്‌തു. അവയെല്ലാം ബാബയുടെ ദിവ്യത്വം വിളംബരം ചെയ്യാന്‍ മത്സരിക്കുകയാണുണ്ടായത്‌. .
ഒരു ഗുരുവിന്‌, പ്രവാചകന്‌ ഒരു ദര്‍ശനം ഉണ്ടാകേണ്ടതാണ്‌. എന്താണ്‌ സത്യസായിബാബയുടെ ദര്‍ശനം? എല്ലാവരും ദൈവമാണെന്നുള്ളതാണോ? അദ്ദേഹം ഒരു ആത്മീയഗുരുവല്ലെന്നുണ്ടോ? ഒരു മാനവസേവകനായിരുന്നുവോ അദ്ദേഹം? രണ്ടായാലും അദ്ദേഹത്തിന്റെ മേധാവിത്വത്തിലുണ്ടായ ട്രസ്റ്റിനുകീഴില്‍, അനൗദ്യോഗികമായി ഒരു ലക്ഷത്തി നാല്‌പതിനായിരം കോടി രൂപയും ഔദ്യോഗികമായി നാല്‌പതിനായിരം കോടി രൂപയും വിലമതിക്കുന്ന സ്വത്തുക്കളാണുള്ളത്‌ (ഇത്‌ ഊതിപ്പെരുപ്പിച്ച കണക്കാണെന്ന്‌ ഇപ്പോള്‍ ട്രസ്റ്റ്‌ ഡയറക്‌ടര്‍മാര്‍ പറയുന്നുണ്ട്‌).
ഏതായാലും മാനവസേവ വ്രതമാക്കിയ ഒരാളിന്റെ കീഴില്‍ ഇത്രയും വലിയൊരു സമ്പത്ത്‌ കുന്നുകൂടുന്നത്‌ വിരോധാഭാസമാണ്‌. ഈ സ്വത്തിന്റെ കൈകാര്യകര്‍തൃത്വത്തിന്റെ പേരില്‍ വലിയ തര്‍ക്കങ്ങള്‍ ഉരുണ്ടുകൂടുന്നത്‌ അതിനേക്കാള്‍ വലിയ അപരാധവും.
വിശ്വാസത്തിന്റെ കാര്യത്തില്‍ ഇടപെടില്ലെന്നത്‌ കേരളസര്‍ക്കാരിന്റെ മാത്രം തീരുമാനമല്ല, ഇന്ത്യയിലെ എല്ലാ സര്‍ക്കാരും ഇതേ മട്ടിലാണു ചിന്തിക്കുന്നത്‌. സത്യസായി ട്രസ്റ്റ്‌ ഏറ്റെടുക്കാനോ അതിന്റെ കണക്കുകള്‍ പരിശോധിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നാണ്‌ ആന്ധ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌. അതായത്‌, നമ്മുടെ നാട്ടില്‍ നിലവിലുള്ള നിയമമനുസരിച്ചൊന്നുമല്ല ഈ ട്രസ്റ്റോ ഇതിന്റെ കീഴിലെ സാമ്പത്തികവിഭാഗമോ പ്രവര്‍ത്തിക്കുന്നത്‌. ഇത്രയും വലിയൊരു ധനാര്‍ജനം ഒരുതരത്തിലും മാനവസേവയെ പ്രതിനിധീകരിക്കുന്നില്ല. ഈ പണം വ്യക്തമായ നിലയില്‍ സമൂഹത്തിന്റെ അടിത്തട്ടിലേക്കൊഴുകിയിരുന്നെങ്കില്‍ മെച്ചപ്പെട്ട മാനവസേവ നടപ്പിലായേനേ.
എന്നാല്‍, ആന്ധ്രയിലെ ദരിദ്രവിഭാഗങ്ങളിലേക്ക്‌ ഈ പണം എത്തുമെന്നു പ്രതീക്ഷിക്കേണ്ട. ആകെ നടക്കുന്ന പ്രവര്‍ത്തനം സത്യസായി ട്രസ്റ്റിന്റെ ഹോസ്‌പിറ്റലുകളിലെ സൗജന്യചികിത്സകളും മറ്റുമാണ്‌. അതൊരു മഹാകാര്യമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നവര്‍ അറിയേണ്ട കാര്യം, ഇതൊന്നും ബാബ സ്വന്തം പോക്കറ്റില്‍ നിന്നു കാശെടുത്തു ചെയ്‌തിരുന്നതല്ല, നാട്ടുകാരുടെ പണം കൊണ്ടു നിര്‍വഹിച്ചിരുന്നതാണ്‌ എന്നതാണ്‌. ഒരു ലക്ഷത്തിനാല്‌പതിനായിരം കോടി രൂപ നാട്ടുകാര്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതില്‍നിന്നു ആയിരം കോടി രൂപയെടുത്തു ചെലവാക്കാന്‍ വലിയ മഹാത്മാവൊന്നും ആകേണ്ടതില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
സത്യസായി ബാബയെക്കുറിച്ച് BBC എടുത്ത ഒരു ഡോക്യുമെണ്ട്രി ഉണ്ട്. "ദി സീക്രട്ട് സ്വാമി" എന്ന പേരില്‍ അതു ഇന്റര്‍നെറ്റിലെ വീഡിയോ കൂട്ടായ്മയായ യൂട്യൂബില്‍ ലഭ്യമാണ്. അതില്‍ പറയുന്ന പല കാര്യങ്ങളും കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ചു പോകും. സായിബാബയുടെ തനി നിറം അവര്‍ അതിലൂടെ വെളിച്ചത്തു കൊണ്ടു വരികയും, അന്നത്തെ പല രാഷ്ട്രീയ പ്രമുഖരോടും സത്യാവസ്ഥ അറിയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ അവര്‍ സായിബാബയെ സപ്പോര്‍ട്ട് ചെയ്യുന്നു. സായിബാബ യൂട്യുബിന്റെ കാലഘട്ടത്തില്‍ ആണു ആത്മീയ കച്ചവടം തുടങ്ങിയിരുന്നത് എങ്കില്‍, എന്നേ അഴിക്കുള്ളില്‍ പോയിരുന്നേനെ. ഇതിപ്പോള്‍ ലക്ഷക്കണക്കിന് ഭക്ത ജനങ്ങള്‍ ഉള്ള ഒരു ആത്മീയ ഗുരുവിനെതിരെ തിരിയാന്‍ ഭാരത സര്‍ക്കാര്‍ പോലും മടിക്കുന്ന ദയനീയമായ കാഴ്ചയാണ് ആ ഡോക്യുമെണ്ട്രിയില്‍ നമുക്ക്‌ കാണാന്‍ സാധിക്കുക. 
അന്തരീക്ഷത്തില്‍നിന്നു വാച്ചുകളും മാലകളും മോതിരങ്ങളും വിഭൂതിയും മറ്റും സൃഷ്‌ടിച്ചു വിസ്‌മയം സൃഷ്‌ടിച്ചിരുന്ന ബാബയെപ്പറ്റിയുള്ള കഥകളായിരുന്നു മരണദിവസങ്ങളില്‍ പത്രങ്ങളായ പത്രങ്ങള്‍ മുഴുക്കെ. ആദ്യ കമ്യൂണിസ്റ്റു മന്ത്രിസഭയില്‍ മന്ത്രിയായിരിക്കുകയുംകൂടി ചെയ്‌തിട്ടുള്ള നിയമജ്ഞന്‍ വി.ആര്‍.കൃഷ്‌ണയ്യര്‍ വരെ തന്റെ അദ്‌ഭുതാനുഭവവുമായി വന്നു. ബാബ കൃഷ്‌ണയ്യര്‍ക്ക്‌ വായുവില്‍നിന്നൊരു വാച്ചെടുത്തുകൊടുത്തത്രേ.
ബാബയുടെ മാജിക്ക്‌ വെറും മാജിക്കാണെന്ന്‌ തെളിയിക്കുന്ന വീഡിയോകള്‍ പലതവണ പുറത്തുവന്നിരുന്നു. വീഡിയോ എടുക്കല്‍ സാര്‍വത്രികമായതോടെ ബാബ തന്റെ മാജിക്ക്‌ ഗണ്യമായി കുറച്ചിരുന്നു എന്നതും സത്യമാണ്‌. പിന്നില്‍നിന്നു മാല ബാബയുടെ സഹായികള്‍ കൊടുക്കുന്നതായിരുന്നു വീഡിയോയില്‍ വ്യക്തമായിരുന്നത്‌.
ഏതായാലും കൃഷ്‌ണയ്യര്‍ക്കു കിട്ടിയ വാച്ച്‌ ഇന്നും അദ്ദേഹം ഭക്തിയോടെ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ടു ചെയ്യുന്ന മാദ്ധ്യമത്തിന്‌ ആ വാച്ച്‌ എന്തെങ്കിലും കമ്പനി മേഡ്‌ ആണോ എന്നു പരിശോധിക്കാമായിരുന്നു. കാരണം, മറ്റേതൊരു മാജിക്കുകാരനെയും പോലെ ഈ ഭൂമിയില്‍ സൃഷ്‌ടിക്കപ്പെടാത്ത ഒരു സാധനവും ബാബയ്‌ക്കും വായുവില്‍നിന്നു വീശിപ്പിടിക്കാനാവുമായിരുന്നില്ല. ടൈറ്റന്റെയോ എച്ച്‌ എം ടിയുടെയോ വാച്ചുതന്നെയേ അദ്ദേഹം വായുവില്‍നിന്നു വീശിപ്പിടിക്കുമായിരുന്നുള്ളൂ. സ്വര്‍ണമാണു വീശിപ്പിടിച്ചിരുന്നതെങ്കില്‍ അതില്‍ ബിഐഎസ്‌ മുദ്രവരെ കണ്ടിരിക്കുമായിരുന്നു.
ഇതൊക്കെയായിട്ടും എന്തുകൊണ്ട്‌ രാഷ്‌ട്രീയക്കാരും മാദ്ധ്യമങ്ങളും യുക്തിപരമായി ഇതിനെ സമീപിക്കാതെ ഈ അദ്‌ഭുതകഥകള്‍ അടിച്ചുവിടുന്നു എന്നതാണു ചോദിക്കേണ്ട ചോദ്യം. അതിനൊരു ഉത്തരമേയുള്ളൂ. രാഷ്‌ട്രീയക്കാര്‍ക്ക്‌ ബാബ ഒരു വോട്ടുബാങ്കാണ്‌. മാദ്ധ്യമങ്ങള്‍ക്ക്‌ റീഡേഴ്‌സ്‌ / വ്യൂവേഴ്‌സ്‌ ബാങ്കും. ലക്ഷക്കണക്കിന്‌, ചിലപ്പോള്‍ കോടിക്കണക്കിന്‌ ആരാധകരുള്ള, ഭക്തരുള്ള ബാബയെക്കുറിച്ച്‌ വിശകലനാത്മകമായി സംസാരിക്കുന്നതിലും നല്ലത്‌, അദ്ദേഹത്തെ അവരുടെ വിശ്വാസമനുസരിച്ചുതന്നെ പ്രതിച്ഛായപ്പെടുത്തുന്നതാണ്‌. ഇതുകൊണ്ടുതന്നെയാണ്‌, അമൃതാനന്ദമയിയുടെ സന്ദര്‍ശനങ്ങളും രവിശങ്കറിന്റെ യാത്രകളും ഒക്കെ പത്രക്കാരും ചാനലുകാരും ആഘോഷിക്കുന്നത്‌.
അച്ചടി- ദൃശ്യമാദ്ധ്യമങ്ങളില്‍നിന്നു വ്യത്യസ്‌തമായി ഇന്റര്‍നെറ്റ്‌ മാദ്ധ്യമങ്ങള്‍ക്ക്‌ ഇത്രയും താണുകേണ്‌ വായനക്കാരുടെ, പ്രേക്ഷകരുടെ കാലുപിടിക്കേണ്ട കാര്യമില്ലാത്തതിനാല്‍ അവര്‍ കുറേക്കൂടി സമചിത്തത പുലര്‍ത്തി. അച്ചടിമാദ്ധ്യമങ്ങളാണ്‌ ശരിക്കും വിധേയത്വം കാട്ടിയത്‌. കാരണം, നാളെമുതല്‍ ഈ പത്രം വേണ്ട, മറ്റേ പത്രം മതി എന്നു ഉപഭോക്താവു പറയുന്ന നിമിഷത്തെ അച്ചടിമാദ്ധ്യമങ്ങള്‍ ഭയക്കുന്നുണ്ട്‌. ചാനലുകള്‍ക്ക്‌ അത്രയും പ്രശ്‌നമില്ല. സൈബര്‍ മാദ്ധ്യമങ്ങള്‍ക്കും ആ പേടിവേണ്ട.
എഴുപതുകള്‍ സൃഷ്‌ടിച്ച പുരോഗമന രാഷ്‌ട്രീയചിന്തയുടെയും യുക്തിചിന്തയുടെയും കുതിപ്പിന്റെ ആവേഗം കണ്ട മലയാളികളുടെ മുന്നില്‍ത്തന്നെയാണ്‌ മാദ്ധ്യമങ്ങള്‍ ഈ ധര്‍മവിചാരമില്ലാത്ത ആത്മീയവ്യാപാരം നടത്തുന്നതെന്നത്‌ നാണക്കേടിന്റെ ആഴംകൂട്ടുന്നു. വായനക്കാരുടെ കാരുണ്യത്തിനായി കൈനീട്ടിനില്‍ക്കുന്ന ധര്‍മ്മക്കാരുടെ അവസ്ഥയിലേക്ക്‌ നമ്മുടെ മാദ്ധ്യമങ്ങള്‍ വീണുകഴിഞ്ഞെന്നും ഇവരെ മാദ്ധ്യമധര്‍മക്കാരെന്ന്‌ ഇനി വിളിക്കാനാകുക ഈ അര്‍ത്ഥത്തില്‍ മാത്രമായിരിക്കുമെന്നും സത്യസായിബാബയുടെ മരണവും അതിനെത്തുടര്‍ന്നു മാദ്ധ്യമങ്ങള്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു.